My photo
Media city, Dubai, United Arab Emirates
പലരും കരുതുംപോലെ നീ എന്നെ ഭ്രമിപ്പിച്ച ചെമ്പക മരം മാത്രമായിരുന്നില്ല ഓർമ്മകളിലെവിടെയൊ ഞാനൊളിപ്പിച്ച വസന്തകാല സുഗന്ധം. അതിനുമപ്പുറം മറ്റെന്തോ ആയി ഉള്ളിൽ നീ പൂത്തുലഞ്ഞു നിൽക്കുന്നു ആസക്തമായ പകലുകളെ പ്രണയാർദ്ദ്രമാക്കിയങ്ങനെ....

Saturday, October 13, 2007

ഗൗതമന്‍


നീയെന്നെ ബുദ്ധനായി തെറ്റിദ്ധരിച്ചു.
ഗൗതമായെന്നു വിളിച്ചു
നിന്നെ ഒറ്റക്കണ്ണനാക്കിയ തെറ്റാലിയുടമ
ഞാനായിട്ട് പോലും,
നിന്റെ പ്രാവുകളെ കെണിവെച്ച് പിടിച്ചവന്‍
ഞാനായിട്ട് പോലും

സ്വപ്നത്തെ രണ്ടായ് മുറിച്ച്
സൗഹൃദത്തിന്റെ തീക്കുതിരകള്‍
‍മേഘങ്ങളിലേക്ക് പറന്ന് കയറിയ കാലം
ഉന്മാദം ബാധിച്ച് ഞാന്‍ കടന്ന് കളഞ്ഞു...
(ചില കിളികളെപ്പോലെ)

കാറ്റ് കാട്ടുമരങ്ങളെ കരയിക്കുന്നൊരുച്ച നേരം-
ഞാന്‍ തിരികെ വന്നു
നീയെന്നെ ഗൗതമായെന്ന് വിളിച്ചു
നീ സ്നേഹ സുതാര്യന്‍....,
എന്റെ രഹസ്യങ്ങളെ വെടിവെച്ച് പൊട്ടിച്ച്
എന്നെ പരസ്യ പ്പെടുത്തിയവന്‍

മഴക്കൊപ്പം
ഐസ് കഷ്ണങ്ങള്‍ വീഴുന്ന സന്ധ്യ,
സ്നേഹത്തിന്റെ മാമ്പഴക്കാറ്റില്‍
നമുക്കിനി പഴുത്തുനില്‍ക്കാമെന്ന് നീ...
ഉരിയാടാനൊന്നുമില്ലാതെ
ഞാന്‍ നിനക്കൊരു കിളിയെ സമ്മാനിച്ചു
ഒരപൂര്‍വ്വയിനം കിളി!
നീലയില്‍ വെള്ളപുള്ളിവാല്‍
ചിറകു മഞ്ഞയില്‍ ഓറഞ്ച് വരകള്‍
നമ്മുടെ സൗഹൃദം പോലെ സുന്ദരം

തിരിഞ്ഞ് നടക്കവെ,
നിന്റെ പിന്‍വിളി മഴയിലലിഞ്ഞു പോകുന്നു...
തിരിഞ്ഞ് നോക്കിയില്ല
നിന്റെ ശേഷിച്ച കണ്ണ്
ആ കിളി കൊത്തിയെടുക്കുമെന്നറിഞ്ഞിട്ട് പോലും

ഗ്രീഷ്മകാലത്തെ സ്വപ്ന ശകലങ്ങള്‍


ആത്മഹത്യ ചെയ്തവന്റെ കണ്ണില്‍ നിന്നാവാം
മഴപ്പക്ഷികള്‍ പറന്നകന്നത്
മൈതാനം നിറയെ മെഴുകുതിരികള്‍കത്തിച്ച് വെച്ചും,
കവിതയുടെ താഴ്‌വരയിൽ ശിലാലിഖിതങ്ങള്‍ തീര്‍ത്തും
ഒരു മരണം!
ഉറവുകള്‍ തേടി
മരണത്തിന്റെ ഗുഹാന്തരങ്ങളിലേക്ക് നടന്ന് പോയവര്‍...
ഞാനറിയുന്നീ ഭാഷ തന്‍ പൊരുളുകള്‍

കടലെടുത്ത പ്രണയത്തിന്റെ ഭൂഖണ്ഡങ്ങളെ
ഇനി വിസ്മരിക്കാം.

വര്‍ഷാവസാനരാത്രിയില്‍
‍കാലത്തിന്റെ സമസ്യകള്‍ പൂരിപ്പിക്കാനാകാതെ
സൂത്രവാക്യങ്ങളുടെ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി
പുലരിക്കു മുമ്പെ,
എന്റെ മുഖവും പുസ്തകവും ചിതലു പിടിച്ചു...!

ഋതുഭേദങ്ങളുടെ രതിമൂര്‍ച്ചയില്‍
ഉന്മത്തരാകുന്ന യൗവ്വനങ്ങള്‍...
ശലഭങ്ങളുടെ ദ്വീപിലേക്ക്
സ്നേഹം നിറച്ച കപ്പല്‍ ഇടിച്ച് കയറുന്നുണ്ട്
എന്തൊക്കെയായാലും
ഇത്
വേദനയുടെ കുരിശുമരം പൂക്കുന്ന ഗ്രീഷ്മകാലം...,
പായല്‍ നിറഞ്ഞ ജലാശയങ്ങളും ശവകുടീരങ്ങളും കടന്ന്
ഹൃദയമിപ്പോള്‍ ഗതികിട്ടാത്തവരുടെ പ്രണയസ്ഥലികളില്‍
ഉറുമ്പുകളോടു യുദ്ധം ചെയ്തും,
മരിച്ചവരുടെ കല്ലറകളിലന്തിയുറങ്ങിയും...,
ചാറ്റല്‍ മഴയിലേക്കലിഞ്ഞ് വീഴുകയാണ്...

എങ്കിലും,
കനവുകളുടെ ഹരിതതീരങ്ങളില്‍
നിലാവു മാത്രം

ഉറവുകള്‍


1
നമ്മുടെ പ്രണയത്തിനപ്പുറം
മരിച്ചവരുടെ ഗ്രാമപ്രദേശമാണിപ്പോള്‍
‍നിമിഷങ്ങളുടെ മിടിപ്പുകളില്ലാതെ
അനന്തമാകുന്ന സന്ധ്യകള്‍ മാത്രം...
നമുക്കിടയിലെ തകര്‍ന്ന വരികളിലൂടെ
ദുരയുടെ കുറുനരികളോടുന്നു.
മണ്ണില്‍ പാതിപൂഴ്ന്ന തലയോടുകളപ്പോള്‍
‍സ്വപ്നങ്ങള്‍ നിറച്ച പൂപ്പാത്രങ്ങളാണ്‌
2
കാമമോഹങ്ങള്‍ തന്‍ വന്യരാഗങ്ങളില്‍
‍കൈ വിട്ട തുഴയും പിന്നിട്ട വഴികളുമെല്ലാം മറന്ന് നാം...

മരിച്ചവര്‍ പാടുന്ന രാത്രിയില്‍
നീലിമയുടെ വനാന്തരങ്ങളില്‍
‍നാം ഞരിഞ്ഞമര്‍ന്നൊടുവില്‍ ‍
സ്നേഹഗീതങ്ങള്‍ പതിയെ നിലക്കവെ,
ഹൃദയം നിറയെ കവിതയുടെ ചുവ ബാക്കിയാകുന്നു.

3
ഇത്തിക്കണ്ണികള്‍ തൂക്കിയ മണ്ഡപങ്ങളിലൂടെ
അനുഷ്ഠാനങ്ങളുടെ
പൗരാണികതയിലേക്ക് നീങ്ങുമ്പോള്‍
പ്രേമത്തിന്റെത്തിന്റെ കല്ലറയില്‍ നിന്നൊരു വിലാപയാത്ര...
നിന്റെ പ്രാകൃതലിപികളിലേക്ക്.
സ്നേഹത്തിന്റെ ഗോതമ്പുവയലില്‍
വെട്ടുകിളികള്‍ നങ്കൂരമിട്ടതങ്ങിനെ
നടനം മറന്നവഴിതാരകള്‍ക്കകലെ
മടുപ്പിന്റെ മൂടുപടവുമിട്ട്
വേര്‍പെടുത്തലിന്‍ ബധിരദൃശ്യങ്ങളുണ്ട്
അതെത്ര നവീനമെന്ന്
ഋതുഭേദങ്ങള്‍ മന്ത്രിക്കുന്നുമുണ്ട്
എങ്കിലും,
ഒടുങ്ങാത്ത മഴക്കാലങ്ങളിലേക്ക്
പിരിയുവാനാകാതെ
നമ്മളൊഴുകുന്നിതാ സഖീ
ജ്വരങ്ങളുടെ കാട്ടുതെന്നലും പേറി...

സൈപ്രസ് മരങ്ങള്‍


ചുണ്ണാമ്പുപാറകളില്‍
നീ വരച്ച സൂര്യകാന്തികള്‍ കണ്ടായിരിക്കണം
കന്യകമാര്‍‌ നിന്നെ മോഹിച്ച് പോയത്
നീലമേഘങ്ങളുടെ നിശ്ചലസന്ധ്യക്ക്
നിറങ്ങളുടെ കടലാഴങ്ങളില്‍ നിന്ന്
നീ കയറിയെത്തുമ്പോള്‍
‍അവര്‍ നിന്റെ മുന്നില്‍ കാട്ടുതേനീച്ചകളായി
രതിസ്വരങ്ങളില്‍, രൗദ്രനിശ്വാസങ്ങളില്‍
‍നിന്റെ കേള്‍‌വിപോകും മുന്‍പെ
നീ പിന്തിരിഞ്ഞോടി...
ശിരസ്സില്‍ കാക്കകളുടെ കൊത്തേറ്റു
അവരുടെ ജലാശയങ്ങളില്‍ വീണ് ശ്വാസം മുട്ടി;
ഓടുകയായിരുന്നു,
പച്ചിലപക്ഷികളുടെ താഴ്വരയിലേക്ക്...

പാതിവഴിയില്‍
സൂര്യാസ്ത‌മയം കണ്ട് തരിച്ചു നില്‍ക്കവെ,
പൊടുന്നനെ പെയ്ത കല്ല്‌മഴയില്‍
‍നീയാണ്ടു പോകുന്നു...!

ശവങ്ങള്‍




ADയില്‍ നിന്ന് BCയിലെത്തിച്ച്
ഒരു കഥ പൊടുന്നനെ നീ നിര്‍ത്തിക്കളഞ്ഞു,
ഇപ്പോള്‍ ഓര്‍മ്മകള്‍ ചരിത്രാതീതം!

അടക്കിയ ശവങ്ങള്‍ക്ക് മുളപൊട്ടുന്ന കാലം...

ഋതുഭേദങ്ങളുടെ ഗുഹാന്തരങ്ങളില്‍
നീയൊരു നാഗസന്യാസി
സ്നേഹത്താലെനിക്ക്
മറവിയുടെ കഞ്ചാവു തരുന്ന ദിഗംബരന്‍
‍സൗഹൃദത്തിന്‍ ശിലോദ്ദ്യാനങ്ങളില്‍
നമ്മള്‍ പോരാളികളായി

പിന്നീടായിരുന്നു തോൽവികളുടെ കാടിറക്കം...

വരിയുടക്കപ്പെട്ട നാഗരിഗത പിന്നിട്ട്
നമ്മളേതോ പ്രേതസ്ഥലികളില്‍...
ജലരഹിതം,അനാഘ്രാതം

പുതിയ കാലവും കലാപവും ചേര്‍ത്ത്-
വിശപ്പിന്റെ കെമിസ്ട്രി പറയാന്‍
‍നീ നാക്കെടുത്തതും
പൊഴിയുന്ന ഇലകള്‍
‍കാലഘട്ടങ്ങളുടെ അടരുകളായ് ,
നമ്മെ മൂടിയതും ഒരുമിച്ച്...!
ADയിലൊ BCയിലൊ എന്നറിയാതെ
നമ്മളിപ്പോള്‍ കാലത്തിന്റെ അടരുകള്‍ക്കടിയില്‍...,
(ചീഞ്ഞു നാറുന്നു)

വഴികള്‍...

മഴക്കാലത്ത്
എന്റെ ഇടവഴികളുടെ അതിരിടിഞ്ഞു,
കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍
നദിയിലേക്കൊലിച്ച് പോയി...
വരുവൊലിക്കുന്ന വഴിയിലൂടെ
നനഞ്ഞു പോയൊരോര്‍മ്മ...

ഇപ്പോള്‍ മഴക്കാലമല്ല
വഴിയരികില്‍ തകര പൂക്കുന്നു
നാടു വിട്ട കൂട്ടുകാരന്‍ തിരിച്ചെത്തിയിട്ടും
അതുവഴിയൊന്നു വന്നതില്ല
ആരും നടന്നെത്താത്ത പച്ച വഴികള്‍...

മെല്ലെ മെല്ലെ വേനലെത്തുകയായിരുന്നു
കരിയിലകള്‍ ഇടവഴികളെ മൂടുന്നതെത്ര വേഗം.

ഉള്ളിലെ മുറിവുകളെല്ലാം
പഴുത്തൊലിക്കുന്ന കാലം
ആളൊഴിഞ്ഞ്
ഇലകള്‍ മൂടിയ വഴികള്‍ കാണുമ്പോള്‍
എനിക്കിടക്ക് കരച്ചില്‍ വരാറുണ്ട്...

Friday, October 12, 2007

പ്രേതമരം


എന്റെ റോഡരികില്‍ ഒരു പ്രേതമരമുണ്ട്...!
പൂര്‍ണ്ണചന്ദ്രനെ ചില്ലകളിലൊളിപ്പിച്ച്
എന്നെ ഇടക്ക് കൈകാട്ടി വിളിക്കും...

രാത്രികാലങ്ങളില്‍ഞാന്‍ ബൈക്കിലെത്തുമ്പോള്‍
മരം റോഡിലിറങ്ങി എതിരെ നില്‍ക്കും!

ഒരിക്കല്‍ തിരിചിറങ്ങില്ലെന്നു പറഞ്ഞ്
കൂട്ടുകാരന്‍ കയറിപോയതാ മരത്തിലായിരുന്നു

നൂറേനൂറില്‍ പറന്ന് വന്ന-
എന്റെ ബൈക്ക്ആ മരത്തില്‍ തറഞ്ഞിരിക്കുന്നത്
ഞാന്‍ സ്വപ്നം കാണാറുണ്‍ട്...
ഒരു കൊടുങ്കാറ്റില്‍കട പുഴകി വീഴണേയെന്ന്
പ്രാര്‍ത്ഥിക്കാത്ത നാളുകളില്ല

മരം നിന്നുറക്കം തൂങ്ങുന്ന രക്ത സന്ധ്യ,
എന്റെ ബൈക്കിന്റെ ശബ്ദത്തില്‍ മരം ഞെട്ടിയുണറ്ന്നു...
ഒരു കിളിയും പെയ്തിറങ്ങാത്ത കൈചില്ല വിടറ്ത്തി റോഡിലിറങ്ങി നിന്നു
യുഗാന്തരങ്ങളായ് എന്നെ കാത്ത് നില്‍ക്കും പോലെ....

ഇല പൊഴിയുന്നൊരു രാത്രികാലം,
മെര്‍ക്കുറി കുത്തിവെച്ച് മരത്തെ ഉണക്കാനിറങ്ങി
റോഡ് മുഴുവ്ന്‍ നനഞ്ഞ ഇലകള്‍...
വിറയാറ്ന്ന കാല്‍വെപ്പില്‍ ഇടറിവീഴുമ്പോള്‍
ഒരുള്‍ക്കിടിലത്തോടെ ഞാന്‍ കണ്‍ടതെന്തെന്നാല്‍-
ഒരു പെണ്ണുമായ് റോഡില്‍ ഇണ ചേരുന്നു മാമരം...!
പാല്‍നിലാവു വന്യം നിശബ്ദം...

Monday, October 8, 2007

ചിലന്തികള്‍


ഇന്നലെയാണ് ഞങ്ങളുടെ വയലുകളിലേക്ക്
ഒന്ന് രണ്ട് ഭീമന്‍ ചിലന്തികളരിച്ച് വന്നത്
പൊടുന്നനെ മഴ പെയ്യുകയും
ചിലന്തികള്‍വയലുകളിലെവിടെയൊ ലയിച്ച് പോവുകയും ചെയ്തു

വിത്തില്ലാത്ത ആപ്പിള്‍ തിന്ന് മുത്തഃശ്ശന്‍ മരിച്ചതും അന്നായിരുന്നു

വയലുളിലേക്ക് ചിലന്തികളെ തിരഞ്ഞ്
ചിലരൊക്കെ തോക്കുമായിറങ്ങി
പോയവരൊന്നും പിന്നീട് തിരിച്ച് വന്നില്ല!
ക്രമേണ ഞങ്ങളുടെ വയലുകള്‍ തരിശ് നിലങ്ങളായി...
എലികളും ചിതലുകളും  പെരുകി

അസ്ഥികളിലിപ്പോള്‍ ഒരു മുള്ള് വേലി!
സ്വപ്നം കാണാനാകാതെ ഓര്‍മ്മകളിലേക്ക് മാത്രമായ്
ഞങ്ങള്‍ഉരുകിയൊലിക്കുന്ന കാലം.....
ആത്മഹത്യാ കുറിപ്പുകളുടെയും
ചോര പുരണ്‍ട കയ്യൊപ്പുകളുടെയും കാലം....

ഒരു ഭീമന്‍ ചിലന്തിയെ സ്വപ്നം കണ്ട്
സഹോദരി ഞെട്ടിയുരുമ്പോള്‍
ഒരു കൂട്ടം ചെന്നായ്ക്കള്‍ പടിയിറങ്ങുന്നു...
അനിയത്തീ...,
ഇപ്പോഴിത് കൊമാലയാണ്
ചത്തവരുടെ നാട്ടിന്‍ പുറം

ഒരു നിലാവുള്ള രാത്രിയില്‍ ദാഹിച്ച് പുറത്തിറങ്ങുമ്പോള്‍
ആകാശം നിറയെ കഴുകന്‍മാര്‍...


(Komala-A dead Village in "PedroParamo" which is a short novel written by Juan Rulfo)

.........blogalization


PELTING (Poetry)

Those days ,
any one could pelt any one with stones....!
here they are snapping the strings of Rain...
he pelted her with a stone-
at the very first chance

Then,
wiping the smile off her bleeding face
She too pelted him